കാലം പതിയെ പതിയെ മുന്നോട്ടേക്ക് ചലിച്ചുകൊണ്ടിരിരുന്നു. അച്ഛനമ്മമാരുടെ കൂടെ ബാംഗ്ലൂരിൽ താമസം തുടങ്ങിയ അവളും മകനും വളരെ സന്തോഷത്തോടെ ജീവിച്ചു തുടങ്ങി. പഴയതെല്ലാം ഓർത്തെടുക്കാൻ കഴിയാത്ത വിധം ജോലിത്തിരക്കുകളുടെ ലോകത്തേക്ക് ജീവിതം വേഗത്തിൽ മുന്നേറി.
സ്വന്തം കമ്പനിയിൽ അച്ഛനെ സഹായിക്കുവാൻ അവൾ സമയമത്രയും നീക്കിവച്ചു. സിവിൽ എഞ്ചിനീയറിങ് പാസായ മകൾ തന്റെ അധ്വാനത്താൽ ആ കമ്പനി വളർത്തി വലുതാക്കുന്നതിൽ അഛനും സന്തോഷിച്ചു. ബാംഗ്ലൂരിൽ ഉണ്ടാക്കിയതുപോലെ കോയമ്പത്തൂരിലും കമ്പനി ഉണ്ടാക്കുവാൻ പ്രാരംഭ ചർച്ചകളും നടപടികളും അവൾ തുടങ്ങി. അത് വാശിയോ അഹങ്കാരമോ നമ്പത്തിനോടുള്ള ആർത്തിയോ ആയിരുന്നില്ല, പകരം ജീവിതത്തെയും മനസ്സിനെയും കുത്തിപ്പിടിച്ച വേദനയെ അതിജീവിക്കാനുള്ള ഒരു നെട്ടോട്ടമായിരുന്നു. ദൈവം കഥ പറച്ചിൽ ഒരു നിമിഷം നിർത്തി, ഒന്നു നെടുവീർപ്പെട്ടു.....
ഏതോ ഒരു ഓർമ്മ ദൈവത്തെ അസ്വസ്ഥനാക്കി. ജോലി തേടുന്ന ദൈവം തന്നെ ഒരിക്കൽ അവളോട് തനിക്കായി ഒരു ജോലി തരാമോ എന്ന് ചോദിച്ചു. ചിരിച്ചു കൊണ്ടവൾ പറഞ്ഞു, ആ കമ്പനിയിൽ നല്ലൊരു ജോലിയും അഞ്ചക്ക ശമ്പളവും ഇതാ ഓഫർ ചെയ്യുന്നു. താമസവും ഭക്ഷണവും തരും..... ദൈവം കഥ തുടർന്നു. ധാരാളം സമ്പത്ത് അവൾ നേടി തുടങ്ങി. മകനെ ലാളിച്ച് വളർത്താനവൾ അവൻ്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് മകൻ്റെ ആർഭാടങ്ങൾക്കൊപ്പം പൂർണമായി ജീവിതം സസന്തോഷം നയിച്ചു വന്നു. അതങ്ങനെ മുന്നോട്ടു പോയി. ഒരു ദിനം അവൾ അസ്വസ്ഥയായി. എല്ലാവരുടെയും അടുക്കലേക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്ത് ക്ഷണിക്കപ്പെടാത്ത ചില അതിഥികൾ എത്തിച്ചേരാറില്ലേ..? ഒരിക്കലും മടങ്ങിപ്പോകാതെ നമ്മളെയും കൊണ്ട് മാത്രം തിരികെ പോകുന്ന ചില അതിഥികൾ? അങ്ങനെ ഒരു അതിഥി എത്തി അവളുടെ ജീവിതത്തിലേക്കും ഒരു ദിനം എത്തി. ആ അഥിതിയുടെ പേരും രൂപവും കാൻസർ എന്നായിരുന്നു. സന്തോഷങ്ങൾക്ക് അധികമായുസ് ഉണ്ടാകില്ല എന്ന് പറയുന്നവർക്ക് പാടി നടക്കാൻ ഒരു വിഷയം പോലെ... അവളുടെ ഗർഭപാത്രത്തിലാണ് അത് പിടിപെട്ടത്. ഞെട്ടലോടെ അത് തിരിച്ചറിഞ്ഞ അവൾ തളർന്നു പോയി. അഛൻ തകർന്നു പോയി. പിന്നെ ഓട്ടമായിരുന്നു. ഇത്തവണ ജീവിതത്തെ അതിജീവിക്കാനല്ല, ജീവൻ അതിജീവിക്കാനായിരുന്നു ആ ഓട്ടം. പണത്തിന് യാതൊരു കുറവും ഇല്ലാതിരുന്നതിനാൽ സധൈര്യം ചികിത്സകൾ തുടങ്ങി. പണം കൊടുത്ത് ആ രോഗത്തെ ഇല്ലാതാക്കാൻ തന്നെ ശ്രമിച്ചു. ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തി. ആ കാലത്ത് കിട്ടാവുന്ന ഏറ്റവും വലിയ വിലയുള്ള ശസ്ത്രക്രിയ. പണം നൽകി അസുഖത്തെ ഒഴിവാക്കി എന്ന് തന്നെ പറയാം. കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം മറക്കാൻ കൊതിക്കുന്ന മറ്റൊരു ദു:ഖവും കൂടി മനസ്സിൽ അമർത്തി വച്ച് അവൾ വീണ്ടും പഴയ ഓഫിസിൻ്റെ പടികൾ വേഗത്തിൽ ചവിട്ടി തിരികെയെത്തി. തകൃതിയായി ജോലിത്തിരക്ക് വീണ്ടും അവൾ എടുത്തണിഞ്ഞു. മകനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുന്നതിനായി ഏറ്റവും നല്ല സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. ഉന്നതരുടെയും പണക്കാരുടെയും മക്കൾ മാത്രം പഠിക്കുന്ന സ്കൂളിൽ മകന് പഠന സൗകര്യമൊരുക്കി. പക്ഷെ ഇടയ്ക്ക് ശരീരം തളരുന്നത് അവളെ അസ്വസ്ഥയാക്കി. മനസ്സിനെ ഒന്ന് സമചിത്തതയിലെത്തിക്കാൻ ജോലിത്തിരക്ക് കൊണ്ട് മാത്രം കഴിയില്ല എന്ന ചിന്ത ഉണ്ടായി. പുറത്ത് കറങ്ങി നടക്കാൻ മനസ്സ് സമ്മതിക്കില്ല എന്ന വ ളു ടെ അന്തക്കരണം പറഞ്ഞു. ഇക്കാലത്ത് ഓർക്കുട്ട് യുഗത്തിന് ശേഷം ഫേയ്സ്ബുക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഹരമായി മാറിയിരുന്നു. ഇൻ്റർനെറ്റിൻ്റെ സാധ്യതകൾ എല്ലാം തൊഴിൽ മേഖലയിൽ ഉപയോഗിച്ചിരുന്ന അവൾ സോഷ്യൽ മീഡിയയിൽ ചാറ്റ് ബോക്സുകളിലേക്ക് കണ്ണയച്ചു തുടങ്ങി. സ്വന്തം പ്രൊഫൈലിൽ സ്വന്തം ചിത്രം ചേർത്തതോടെ സുന്ദരിയായിരുന്ന അവൾക്ക് സുഹൃത്തുക്കൾ പെട്ടെന്ന് വന്നു ചേർന്നു. അധികവും പുരുഷൻമാർ, പരിചിതരും അപരിചിതരും എല്ലാമുണ്ട്. ചെറുപ്പത്തിൽ തന്നെ മാധ്യമ പ്രവർത്തനത്തെ ആരാധനയോടെ കണ്ടിരുന്നു അവൾ. അവൾക്കും ഒരു മാധ്യമ പ്രവർത്തകയാകണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ നിയന്ത്രണങ്ങളിൽ തളച്ചിടപ്പെടുന്ന സ്ത്രീത്വങ്ങളുള്ള ഒരു തറവാട്ടിൽ ജനിച്ചതിനാൽ സ്വന്തം താൽപര്യത്തെ കുറിച്ച് മിണ്ടാൻ പോലുമാകാതെയവൾ അഛൻ നിശ്ചയിച്ച സിവിൽ എഞ്ചിനീയറിങ്ങ് പഠിക്കുകയായിരുന്നു. അവളുടെ സഹപാഠികളും കൂട്ടുകാരും പലരും മാധ്യമ പ്രവർത്തകരായി അറിയപ്പെട്ടു തുടങ്ങിയ സമയവുമായിരുന്നു. ഫെയ്സ് ബുക്കിൽ അവൾ സുഹൃത്തുക്കളെ ചേർക്കുന്ന കാലത്ത് അവരിൽ പലരും അവളുടെ സുഹൃത്തുക്കളായി എത്തി.എന്നാൽ അവർക്കൊപ്പം തന്നെ
സജീവമായി നിഷ്കളങ്കരെ പറ്റിക്കാൻ നടക്കുന്ന കുറെ കഴുകന്മാരും വട്ടമിട്ട് പറന്നെത്തി...! അവരിൽ പലരേയും അവൾക്ക് തിരിച്ചറിയാനായില്ല. മാധ്യമ പ്രവർത്തനം ഹീറോയിസമാണെന്നും സത്യം, ധർമം, നീതി എന്നിവയ്ക്കുള്ള പോരാളികളാണ് മാധ്യമ പ്രവർത്തകരെന്നും കരുതിയിരുന്ന അവൾക്ക് പലഹീറോകളും വില്ലൻമാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനിടയിൽ അവരിൽ ഒരുവൻ അവളുടെ ശ്രദ്ധയാകർഷിച്ചു. പതിയെ അവൻ അവളുടെ മനസ്സിലും കയറിപ്പറ്റി. ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന അവൾ അവനെ വിശ്വസിച്ചു. അവൻ ഭാര്യയുമായി ഡിവോഴ്സ് വാങ്ങി എന്നാണവൻ പരിചയപ്പെടുത്തിയത്. മാധ്യമ പ്രവർത്തനം സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്ന് വിശ്വസിച്ചിരുന്ന അവൾക്ക് അയാൾ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കയ്യിലുള്ളത് എല്ലാം ദാനമായും സമ്മാനമായും നൽകി മാത്രം ശീലമുള്ള അവൾ അവനെ മനസ്സും കാശും നൽകി സ്നേഹിച്ചു. പക്ഷെ ഒരു ദിവസം അവൾ ഞെട്ടലോടെ വീണ്ടും ആ രഹസ്യം തിരിച്ചറിഞ്ഞു. അവൻ അവളെ ചതിക്കുകയാണെന്ന്! ഭാര്യയും മക്കളും ഒക്കെയായി ഇപ്പോഴും കുടുംബ ജീവിതം ഉണ്ടായിരുന്നു അവനെന്ന് തിരിച്ചറിഞ്ഞ അവൾ പൊട്ടിപൊട്ടിക്കരഞ്ഞു. യാഥാർത്ഥ്യം മനസ്സിലാക്കിയ അവൾക്ക് തന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു സ്ത്രീയുടെ ദുർബലത അവളിലും ഉണ്ടായിരുന്നു. മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്ന സമയത്താണ് അവൾക്ക് മുന്നിലേക്ക് ദൈവത്തിൻ്റെ പ്രൊഫൈൽ തെളിഞ്ഞു വന്നത്. തമാശയായി എന്തും കണക്കാക്കി, ആരോടും വഴക്കുണ്ടാക്കുന്ന, ആരോടും വാടാ പോടാ എന്ന് പറയുന്ന ദൈവത്തെ എന്നുമവൾ ഒരു വിചിത്ര ജീവിയായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ആ കലുഷിത ദിനത്തിൽ
അവൾക്ക് അന്ന് ദൈവത്തെ വിളിച്ചു ഒന്ന് സംസാരിക്കണമെന്ന് തോന്നി. ഒത്തിരി നാളുകൾക്ക് ശേഷമാണ് അവൾ ദൈവത്തെ വിളിക്കുന്നത്. കുറെ സങ്കടത്തോടെയും സന്തോഷത്തോടെയും അവൾ ദൈവത്തോട് സംസാരിച്ചു. ദൈവം പതിവുപോലെ ചില കോമഡികളൊക്കെ അവളോട് പറഞ്ഞു. പലതും സംസാരിച്ചു. ഒടുവിൽ ഫോൺവയ്ക്കും മുൻപ് ദൈവം അവളോട് ചോദിച്ചു, കാര്യമൊക്കെ കാര്യം, പക്ഷെ നിനക്ക് മറ്റെന്തോ പറയാനുണ്ടല്ലോ, അത് പറയാതെ നീ ഫോൺ വയ്ക്കുന്നത് ശരിയല്ല. അവൾ ഒന്നു പകച്ചു. മനസ്സ് വായിച്ചറിഞ്ഞതുപോലെയുള്ള ആ ചോദ്യം അവളെ കരയിപ്പിച്ചു. അവളുടെ വൈകാരികതയുടെ വ്യതിയാനം മനസ്സിലാക്കി ദൈവം ചോദിച്ചു എന്താ നിനക്ക് പറ്റിയത്? നീയെന്തേ പരസ്പര ബന്ധമില്ലാത്ത വിധം പെരുമാറുന്നത്? എന്താ പറ്റിയത് - ദൈവം വീണ്ടും ചോദിച്ചു. അവൾ വളരെ സങ്കടത്തോടുകൂടി മറുപടി പറയാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പക്ഷെ അവളുടെ സങ്കടം കൂടി കൂടി വന്നു. ദൈവം പിന്നേയും അവളോട് ചോദിച്ചു - നിനക്കെന്താ പറ്റിയത്, എന്തായാലും നീ എന്നോട് തുറന്നു പറ. ഒടുക്കം അവൾ ദൈവത്തോട് പറഞ്ഞു - അവൻ എന്നെ പറ്റിച്ചെടാ... അവൻ ചതിയൻ ആണ്. ദൈവം അവളോട് പറഞ്ഞു, നീ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ? സാരമില്ല, അതൊക്കെ വിട്ടു കള. നിനക്കങ്ങനെ ഒരാളുടെ സ്നേഹം വേണമെങ്കിൽ ക്ഷമയോടെ പരീക്ഷിച്ച് നല്ല ഒരുവനെ കണ്ടെത്തൂ. ഒരു ചതിയൻ പോയാൽ വേറേ നല്ലവർ വരും. നീ അതോർത്ത് ഒന്നും വിഷമിക്കേണ്ട. ഞാൻ അവനോട് ഒന്ന് സംസാരിക്കാം. അവൻ്റെ നമ്പർ താ. അവൾ നമ്പർ കൊടുത്തു. പിന്നേയും ദൈവം വീണ്ടും ഒത്തിരി നേരം അവളോട് സംസാരിച്ചു. ഒടുവിൽ അവൾ ഏതാണ്ട് ഒക്കെ ശാന്തയായി. ദൈവം അവളോട് ചോദിച്ചു നീ ഓകെയല്ലേ? അവൾ പറഞ്ഞു യെസ് ഞാനിപ്പോൾ ഓകെയാണ്. ദൈവം അവളോട് പറഞ്ഞു - സമാധാനമായി പോയി കിടന്നുറങ്ങു മകളേ, നാളെ നേരം വെളുക്കുമ്പോൾ നീ മറ്റൊരാളായി ഉണർന്നു വരും. അവൾ സമാധാനത്തിൽ കിടന്നുറങ്ങാൻ പോയി. അവൾ ദൈവത്തോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞു. അവൾ ഉറങ്ങാൻ പോയിക്കഴിഞ്ഞപ്പോൾദൈവം അവനെ വിളിച്ചു. എന്നാൽ അവൻ്റെ നിലപാടുകൾ ദൈവത്തിനിഷ്ടപ്പെട്ടില്ല. അവനാവശ്യം അവളുടെ പണവും ശരീരവും മാത്രം. പരിഷ്കൃത സമൂഹത്തിലെ ഒരു മുതലാളി കൊച്ചമ്മയുടെ ജീവിതത്തിന് അവൻ നൽകിയത് കഥകളിലെ ഒരു സമ്പന്ന പെൺകുട്ടിയുടെ വ്യക്തിത്വം മാത്രം. ദൈവം ഫോൺ വച്ച് 'ഉറങ്ങാൻ പോയി. പിറ്റേ ദിവസം പകൽ ഒന്നും സംഭവിച്ചില്ല. രാത്രിയായി. പത്തു മണി കഴിഞ്ഞ സമയം. ദൈവത്തിന്റെ ഫോണിലേക്ക് അവളുടെ ഫോണിൽ നിന്നും കോൾ വന്നു. അവളുടെ പേര് തെളിഞ്ഞു കണ്ട ഉടനെ ദൈവം ഫോണെടുത്ത് ഹായ് ഡിയർ, എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. പക്ഷെ മറുതലയ്ക്കൽ നിന്ന് കേട്ടത് അവളുടെ ശബ്ദമായിരുന്നില്ല. പകരം ഘനഗംഭീരമായ ഒരു പുരുഷശബ്ദമായിരുന്നു. ഹലോ...... പ്രതീക്ഷിക്കാത്ത ശബ്ദം കേട്ട് ദൈവം അന്തിച്ചു. ആ ഫോണിൽ തെളിഞ്ഞ പുരുഷ ശബ്ദം മറു തലയ്ക്കൽ നിന്ന് ചോദിച്ചു - ദൈവമല്ലേ ?
ദൈവം പറഞ്ഞു അതെ. ആ ചോദ്യം കേട്ടു ദൈവം തിരികെ ചോദിച്ചു - ഇത് ആ നിഷ്കളങ്കയുടെ ഫോൺ അല്ലേ? താങ്കൾ ആരാണ്? ഈ ഫോണിൽ നിന്ന് സംസാരിക്കുന്നത് എങ്ങനെയാണ്? മറുവശത്ത് നിന്ന് മറുപടി വന്നു - ഞാൻ ആ നിഷ്കളങ്കയുടെ അച്ഛനാണ്. ഇതവളുടെ ഫോൺ തന്നെയാണ്. അവൾ ഇവിടെ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണിപ്പോൾ.അവൾ ഇന്നലെ രാത്രി ഒരു കയ്യിലെ ഞരമ്പ് മുറിച്ച് സൂയിസൈഡ് അറ്റംറ്റ് നടത്തി. വലിയ കുഴപ്പമില്ല. ബോധം തെളിഞ്ഞിട്ടുണ്ട്. !ദൈവം ഒരു നിമിഷം ഞെട്ടി.നിശ്ചലനായി ഇരുന്നു പോയി. ഒകെയാണ് എന്ന് പറഞു ഉറങ്ങാൻ പോയ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നോ! ഒരു നിമിഷത്തിന് ശേഷം ദൈവം അയാളോട് ചോദിച്ചു - എന്താണവൾക്ക് സംഭവിച്ചത്?
മറുതലയ്ക്കൽ നിന്ന് ആ ശബ്ദം ദൈവത്തോട് പറഞ്ഞു, അതെ, അതാണ് എനിക്കും അറിയേണ്ടത്, അത് അറിയാൻ വേണ്ടിയാണ് ഞാൻ താങ്കളെ വിളിക്കുന്നത്. കാരണം അവൾ മരിക്കുവാൻ ശ്രമിക്കുന്നതിന് മുൻപ് ഏറ്റവും ഒടുവിൽ അവളുടെ ഈ ഫോണിൽ നിന്ന് വിളിച്ചിട്ടുള്ളത് താങ്കളെയാണ്. ഒരു മണിക്കൂറോളം നിങ്ങൾ സംസാരിച്ചിട്ടുണ്ട്. ആരാണ് നിങ്ങൾ? എന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധം? എന്താണ് നിങ്ങൾ അത്രയും സമയം സംസാരിച്ചത്? എന്താണ് നിങ്ങൾ തമ്മിൽ പ്രശ്നം? എന്തിനാണവൾ ആത്മഹത്യക്ക് ശ്രമിച്ചത്? നിങ്ങൾക്കതെല്ലാമറിയാമെന്ന് എനിക്ക് തോന്നുന്നു. എന്താണെങ്കിലും എന്നോട് പറയൂ, ഞാൻ പരിഹാരമുണ്ടാക്കാം. എന്ത് പ്രശ്നമുണ്ടങ്കിലും തുറന്നു പറഞ്ഞോളൂ, ഞാൻ പരിഹരിക്കാം, എൻ്റെ മോളാണവൾ.... എനിക്കവളെ ജീവനോടെ വേണം... പ്ലീസ്.... ഘനഗംഭീരമെങ്കിലും വികാര പ്രക്ഷുപ്തമായ വാക്കുകളിൽ ആ അഛൻ നിർത്താതെ ഇതൊക്കെ പറയുന്നത് കേട്ട്ദൈവം ഒന്നും പറയുവാൻ കഴിയാതെ, ഒന്നും മിണ്ടാതെ പുറത്തേ ഇരുട്ടിലേക്കും നോക്കി നിശബ്ദനായിരുന്നു... (തുടരും)
/ ഷിജിന സുരേഷ് /
The story of an innocent pearly white dove - 3. Continued